“നബിദിനാഘോഷം” — സ്വഹീഹുൽ ബുഖാരിയിലെ ഹദീസ്
ഭാഗം 4
“നബിദിനാഘോഷം” — സ്വഹീഹുൽ ബുഖാരിയിലെ ഹദീസ് ഖിയാസ് ചെയ്തുകൊണ്ട് ഇമാം ഇബ്നു ഹജർ അസ്ഖലാനി (رحمه الله) വിശദീകരിക്കുന്നു
ലക്ഷക്കണക്കിന് ഹദീസുകൾ മനഃപാഠമാക്കിയ ലോകപ്രശസ്ത പണ്ഡിതനും ‘ഹാഫിള് ദുനിയ’ എന്ന പേരിലറിയപ്പെടുന്ന മഹാനുമായ ഇമാം ഇബ്നു ഹജർ അസ്ഖലാനി (رحمه الله) നബിദിനാഘോഷവുമായി ബന്ധപ്പെട്ട് സ്വഹീഹുൽ ബുഖാരിയിലെ ഹദീസ് ഖിയാസ് ചെയ്ത് തെളിവ് കൊണ്ടുവരുന്നത് കാണുക.
وقد ظهر لي تخريجها على أصل ثابت وهو ما ثبت في الصحيحين من أن النبي صلى الله عليه وسلم قدم المدينة فوجد اليهود يصومون يوم عاشوراء فسألهم فقالوا: هو يوم أغرق الله فيه فرعون ونجّى موسى فنحن نصومه شكرا لله تعالى فقال صلى الله عليه وسلم فأنا أحق بموسى عليه السلام منكم فصامه وأمر بصيامه وقال إن عشت إلى قابل .... الحديث، قال شيخنا " فيستفاد منه فعل الشكر لله تعالى على ما منّ به في يوم معين من إسداء نعمة أو دفع نقمة ويعاد ذلك في نظير ذلك اليوم من كل سنة والشكر لله تعالى يحصل بأنواع العبادات كالسجود والصيام والصدقة والتلاوة وأي نعمة أعظم النعمة من الله عليه ببروز هذا النبي صلى وسلم الذي هو نبي الرحمة في ذلك اليوم.
(الأجوبة المرضية فيما سئل — فتاوى السخاوي، ص: 1118)
(الحاوي للفتاوي)
المؤلف: عبد الرحمن بن أبي بكر، جلال الدين السيوطي (المتوفى: 911هـ)
ഇമാം ഇബ്നു ഹജർ അസ്ഖലാനി (رحمه الله) പറയുന്നു:
സ്ഥിരപ്പെട്ട മറ്റൊരു ഹദീസ് കൊണ്ട് നബിദിനാഘോഷത്തെ ലക്ഷ്യംവയ്ക്കുന്നതിന് എനിക്ക് വ്യക്തത ലഭിച്ചിട്ടുണ്ട്. അത് ബുഖാരി, മുസ്ലിം എന്നീ ഹദീസ് ഗ്രന്ഥങ്ങളിൽ റിപ്പോർട്ട് ചെയ്ത ഹദീസാണ്.
ഹബീബായ നബി ﷺ മദീനയിലേക്ക് വന്ന ആ സമയം മുഹറം പത്തിന് ജൂതന്മാർ നോമ്പ് നോൽക്കുന്നതായി കണ്ടു.
നോമ്പിന്റെ കാരണത്തെപ്പറ്റി അവരോട് ചോദിച്ചപ്പോൾ ജൂതന്മാരുടെ മറുപടി ഇങ്ങനെയായിരുന്നു: “ഫിർഔനിനെ മുക്കിക്കൊല്ലുകയും മൂസാ നബി (അലൈഹിസ്സലാം) യെ അല്ലാഹു ജല്ല ജലാലുഹു രക്ഷപ്പെടുത്തുകയും ചെയ്ത ദിവസമാണ് ഇന്ന്. അതുകൊണ്ട് ആ ദിവസത്തിനുള്ള നന്ദി പ്രകടനമായി ഞങ്ങൾ ഈ ദിവസം നോമ്പ് നോൽക്കുന്നു.”
ഇമാം ഇബ്നു ഹജർ അസ്ഖലാനി (رحمه الله) തുടർന്ന് രേഖപ്പെടുത്തി:
ഈ സംഭവത്തിൽനിന്ന് നമുക്ക് വ്യക്തമാകുന്നത്, അല്ലാഹുവിന് നന്ദി ചെയ്യുക എന്നത് ഏറ്റവും പ്രധാനപ്പെട്ട ആരാധനാകർമമാണെന്നാണ്. നിർണിതമായ ഒരു ദിവസം അല്ലാഹു ഒരു അനുഗ്രഹം നൽകിയതിനുള്ള നന്ദിയാണത്.
ചിലപ്പോൾ ഒരു അനുഗ്രഹം ലഭിക്കുന്നതാകാം, അല്ലെങ്കിൽ ഒരു ബുദ്ധിമുട്ട് നീങ്ങുന്നതാകാം. ഇവയിൽ ഏതെങ്കിലും സംഭവിച്ചാൽ ആ അനുഗ്രഹത്തിന് നന്ദി ചെയ്യണം. അതുമാത്രം പോരാ; അതേ ദിവസം അടുത്ത വർഷങ്ങളിൽ വീണ്ടും എത്തുമ്പോൾ ആ ദിവസങ്ങളിൽ നന്ദി പ്രകടിപ്പിക്കുകയും വേണം.
ലോകം അംഗീകരിക്കുന്ന മഹാനായ ഇമാം ഇബ്നു ഹജർ അസ്ഖലാനി (رحمه الله) തുടർന്ന് പറയുന്നു:
“ആ ഒരു ദിവസം — അതായത് നബി ﷺ തങ്ങൾ ജനിച്ച ദിവസം — നബി ﷺ തങ്ങൾ ജന്മം കൊണ്ടു എന്നതിനേക്കാൾ വലിയ ഏത് അനുഗ്രഹമാണ് അല്ലാഹു നമുക്ക് നൽകിയിട്ടുള്ളത്?”
സത്യത്തിൽ, ഈ ചോദ്യമാണ് നബിദിനാഘോഷത്തെ എതിർക്കുന്ന കക്ഷികളോടും ഉന്നയിക്കപ്പെടുന്നത്. അതുകൊണ്ട് നബി ﷺ തങ്ങളുടെ ജന്മംകൊണ്ട് ആ പ്രത്യേക ദിവസത്തിൽത്തന്നെ എല്ലാ വർഷവും സന്തോഷം പ്രകടിപ്പിക്കുക എന്നത് സുന്നത്താക്കപ്പെടുന്നു.
കാര്യങ്ങൾ വളരെ വ്യക്തമാണ്. സാധാരണഗതിയിൽ പ്രമാണങ്ങളായി “ഖുർആൻ, സ്വഹീഹായ ഹദീസ്, ഇജ്മാഅ്, ഖിയാസ്” എന്നിവയാണ് ബിദ്അത്തിന്റെ കക്ഷികൾ പറയാറുള്ളത്.
നമുക്ക് അവരോട് ചോദിക്കാനുള്ളത് ഇതാണ്: അവരടക്കം ലോകം അംഗീകരിച്ച മഹാപണ്ഡിതൻ സ്വഹീഹുൽ ബുഖാരിയിൽനിന്നുള്ള ഹദീസ് ഖിയാസ് ചെയ്തുകൊണ്ട് മൗലിദാഘോഷത്തിന് വ്യക്തമായി തെളിവ് നിരത്തുന്നു.
എന്തുകൊണ്ട് ഇവർക്ക് ഇത് അംഗീകരിക്കാൻ കഴിയുന്നില്ല? ഖിയാസ് തെളിവാണെന്ന് പറയുന്നവർ മുസ്ലിം ലോകത്തെ അവിതർക്കിത പണ്ഡിതവ്യക്തിത്വമായ മഹാനായ ഇമാം ഇബ്നു ഹജർ അസ്ഖലാനി (رحمه الله) വ്യക്തമായി മുസ്ലിം ലോകത്തെ ബോധ്യപ്പെടുത്തിയ മൗലിദാഘോഷം എന്തുകൊണ്ട് സ്വീകരിക്കുന്നില്ല?
നബിദിനാഘോഷം പ്രാമാണികമായി സ്ഥിരപ്പെടുത്തിയ ഇമാം ഇബ്നു ഹജർ അസ്ഖലാനി (رحمه الله), വഹാബി, മൗദൂദി തുടങ്ങിയ കക്ഷികൾക്ക് ഇപ്പോഴും മഹാനായ ഇമാമും സ്വീകാര്യയോഗ്യനുമാണെന്നത് മറ്റൊരു വിരോധാഭാസമാണ്. ഇത്തരത്തിലുള്ള മഹാരഥന്മാരായ മുസ്ലിം ലോകത്തെ പണ്ഡിതന്മാർ പറഞ്ഞ കാര്യം സ്വീകരിക്കുന്ന സുന്നികൾ മാത്രം ഇവർക്ക് മോശക്കാരും എന്നത് പരിഹാസ്യമാണ്.
അബൂ നവവി ✍️
Comments
Post a Comment