അഖീഖ രണ്ടാമത് ആവർത്തിക്കപ്പെടുന്ന സുന്നത്തല്ല, നന്ദിപ്രകടനം

 ഭാഗം 3

ഹദീസ്

നബിദിനാഘോഷവുമായി ബന്ധപ്പെട്ട ഈയൊരു പരമ്പരയിൽ കഴിഞ്ഞ രണ്ടു ഭാഗങ്ങളിലും പരിശുദ്ധ ഖുർആനിൽ നിന്നുള്ള ആയത്തുകളായിരുന്നു നബിദിനാഘോഷത്തിന് പിൻബലമായി ഉദ്ധരിച്ചത്.

നബി ﷺ തങ്ങൾ നുബുവ്വത്തിന് ശേഷം “അറവ്” നടത്തി എന്നതിനെ സംബന്ധിച്ച് റിപ്പോർട്ട് ചെയ്ത വ്യത്യസ്ത ഹദീസുകൾ കാണുക.

عَنْ أَنَسٍ رَضِيَ اللهُ عَنْهُ، أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ عَقَّ عَنْ نَفْسِهِ بَعْدَ النُّبُوَّةِ.

السنن الكبرى

المؤلف: أحمد بن الحسين بن علي بن موسى الخُسْرَوْجِردي الخراساني، أبو بكر البيهقي (المتوفى: 458هـ)

عَنْ أَنَسٍ، أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ «عَقَّ عَنْ نَفْسِهِ بَعْدَ مَا بُعِثَ نَبِيًّا»

المعجم الأوسط

المؤلف: سليمان بن أحمد بن أيوب بن مطير اللخمي الشامي، أبو القاسم الطبراني (المتوفى: 360هـ)

وَعَنْ أَنَسٍ أَنَّ النَّبِيَّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - «عَقَّ عَنْ نَفْسِهِ بَعْدَمَا بُعِثَ نَبِيًّا». رَوَاهُ الْبَزَّارُ، وَالطَّبَرَانِيُّ فِي الْأَوْسَطِ، وَرِجَالُ الطَّبَرَانِيِّ رِجَالُ الصَّحِيحِ خَلَا الْهَيْثَمَ بْنَ جَمِيلٍ، وَهُوَ ثِقَةٌ.

مجمع الزوائد ومنبع الفوائد

المؤلف: أبو الحسن نور الدين علي بن أبي بكر بن سليمان الهيثمي (المتوفى: 807هـ)

ഇമാം ബസ്സാറും (رحمه الله), ഇമാം ത്വബ്റാനിയും (رحمه الله) വ്യത്യസ്ത റിപ്പോർട്ടുകൾ ഈ ഹദീസുമായി ബന്ധപ്പെട്ട് ഉദ്ധരിച്ചിട്ടുണ്ട്. ഇമാം ത്വബ്റാനി (رحمه الله) റിപ്പോർട്ട് ചെയ്ത നിവേദക പരമ്പരയിലുള്ള റാവിമാർ ബുഖാരി, മുസ്‌ലിം എന്നിവരിൽ ഉള്ളവരാണ്. “ഹൈസം ബിൻ ജമീൽ” (رحمه الله) എന്ന മഹാൻ ഒഴികെ. അദ്ദേഹം യോഗ്യനാണെന്ന് ഇമാമുകൾ വ്യക്തമാക്കിയിട്ടുമുണ്ട്.

(മജ്മഉ സവായിദ് — ഇമാം നൂറുദ്ദീൻ ഹൈസമി رحمه الله)

ആകയാൽ ഹദീസ് ദുർബലപ്പെടുത്തുക എന്ന ബിദ്അത്തുകാരുടെ സ്ഥിരം പരിപാടി ഇവിടെ നടക്കില്ല എന്ന് ചുരുക്കം. നബി ﷺ തങ്ങൾ സ്വന്തം നിലയ്ക്ക് ജന്മദിനം ആഘോഷിച്ചോ എന്ന ചോദ്യത്തിനുള്ള മറുപടി കൂടിയാണ് ഈ ഹദീസ്. പ്രമുഖ പണ്ഡിതനായ ഇമാം സുയൂത്തി (رحمه الله) ഈ ഹദീസിനെ തെളിവായി സ്വീകരിച്ചിട്ടുണ്ട്.

നബി ﷺ അറവ് നടത്തിയ ഈ ഹദീസ് നബിയുടെ ﷺ ജന്മദിനത്തിന് തെളിവാക്കാൻ ഇന്ന് വല്ലവരും ദുർവ്യാഖ്യാനം നടത്തുകയാണോ എന്ന തോന്നൽ ആർക്കും വേണ്ട.

പത്താം നൂറ്റാണ്ടിലെ മുജദ്ദിദ് ആണെന്ന് കേരളത്തിലെ ബിദ്അത്തിന്റെ കക്ഷികൾ പോലും പരിചയപ്പെടുത്തിയ ലോകപ്രശസ്തനായ പണ്ഡിതൻ ഹാഫിള് ഇമാം സുയൂത്തി (رحمه الله), മുകളിൽ രേഖപ്പെടുത്തിയ ബഹുമാനപ്പെട്ട ഇമാം ബൈഹഖി (رحمه الله) റിപ്പോർട്ട് ചെയ്ത ഹദീസ് തെളിവായി ഉദ്ധരിച്ചുകൊണ്ട് മഹാനവർകൾ പറയുന്നു:

قُلْتُ: وَقَدْ ظَهَرَ لِي تَخْرِيجُهُ عَلَى أَصْلٍ آخَرَ، وَهُوَ مَا أَخْرَجَهُ الْبَيْهَقِيُّ عَنْ أَنَسٍ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَقَّ عَنْ نَفْسِهِ بَعْدَ النُّبُوَّةِ، مَعَ أَنَّهُ قَدْ وَرَدَ أَنَّ جَدَّهُ عَبْدَ الْمُطَّلِبِ عَقَّ عَنْهُ فِي سَابِعِ وِلَادَتِهِ، وَالْعَقِيقَةُ لَا تُعَادُ مَرَّةً ثَانِيَةً، فَيُحْمَلُ ذَلِكَ عَلَى أَنَّ الَّذِي فَعَلَهُ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِظْهَارٌ لِلشُّكْرِ عَلَى إِيجَادِ اللَّهِ إِيَّاهُ رَحْمَةً لِلْعَالَمِينَ وَتَشْرِيعٌ لِأُمَّتِهِ كَمَا كَانَ يُصَلِّي عَلَى نَفْسِهِ لِذَلِكَ، فَيُسْتَحَبُّ لَنَا أَيْضًا إِظْهَارُ الشُّكْرِ بِمَوْلِدِهِ بِالِاجْتِمَاعِ وَإِطْعَامِ الطَّعَامِ وَنَحْوِ ذَلِكَ مِنْ وُجُوهِ الْقُرُبَاتِ وَإِظْهَارِ الْمَسَرَّاتِ.

(الحاوي للفتاوي)

“മറ്റൊരു തെളിവിന്റെ മേലിലും നബിദിനാഘോഷത്തെ സംബന്ധിച്ച് എനിക്ക് വ്യക്തമായിട്ടുണ്ട്. ഇമാം ബൈഹഖി (رحمه الله) ബഹുമാനപ്പെട്ട അനസ് (رحمه الله) നെ തൊട്ട് റിപ്പോർട്ട് ചെയ്ത ഹദീസാണത്. നബി ﷺ തങ്ങൾ സ്വന്തം ശരീരത്തിനുവേണ്ടി നുബുവ്വത്തിന് ശേഷം അറവ് നടത്തി.

നബി ﷺ ജനിച്ചശേഷം അബ്ദുൽ മുത്തലിബ് ഏഴാം ദിവസം നബി ﷺ തങ്ങൾക്കുവേണ്ടി അഖീഖ അറുത്തത് അറിയപ്പെട്ടതാകുന്നു.

“അഖീഖ രണ്ടാമത് ആവർത്തിക്കപ്പെടുന്ന സുന്നത്തല്ല.” അതുകൊണ്ട് ഈ പ്രവൃത്തിയെ ഇപ്രകാരം വ്യാഖ്യാനിക്കപ്പെടേണ്ടതുണ്ട്. നബി ﷺ തങ്ങളെ അല്ലാഹു സർവർക്കും അനുഗ്രഹമായി ഭൂമിയിലേക്ക് അയച്ചതിലുള്ള നന്ദി പ്രകടനമാണിത്. മാത്രവുമല്ല, അങ്ങനെയൊരു നന്ദിപ്രകടനം ഈ ഉമ്മത്തിന് ശരീഅത്തായി നിശ്ചയിക്കപ്പെട്ടിട്ടുമുണ്ട്.

നബി ﷺ സ്വന്തം നിലയ്ക്ക് തന്നെ സ്വലാത്ത് ചൊല്ലിയിട്ടുണ്ടല്ലോ. അത് ദീനിൽ സ്ഥിരപ്പെടാൻ വേണ്ടിയാണ്. നബി ﷺ ചെയ്തതുപോലെ നന്ദി പ്രകടിപ്പിക്കലും, ഒരുമിച്ചുകൂടലും, ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്യലും, ഇതുപോലുള്ള സന്തോഷപ്രകടനത്തിന്റെ മറ്റു കാര്യങ്ങൾ ചെയ്യലും സുന്നത്താക്കപ്പെടുന്നതാണ്.”

(അൽ ഹാവി ലിൽ ഫതാവ)

ഇവിടെ നാം കാണുന്നത്, ലോകപ്രശസ്തനും ലക്ഷത്തിലധികം ഹദീസുകൾ മനഃപാഠമാക്കിയ മഹാനുമായ ഇമാം സുയൂത്തി (رحمه الله) നബി ﷺ തങ്ങളുടെ ഹദീസ് വിശദീകരിച്ചുകൊണ്ട് മൗലിദാഘോഷം സ്ഥിരപ്പെടുത്തുന്നതാണ്. ഇന്നുള്ള ബിദ്അത്തിന്റെ കക്ഷികൾ പ്രചരിപ്പിക്കുന്നതുപോലെ കേവലം പുത്തൻവാദമായി മുദ്രകുത്തി ആളുകൾ ചെയ്യുന്ന നന്മ തടയാൻ അവർ നിന്നില്ല എന്നതാണ്.

സഹീഹ് മുസ്‌ലിമിലെ മറ്റൊരു ഹദീസിൽ കാണാവുന്നതാണ്, തിങ്കളാഴ്ച ദിവസത്തിന്റെ മൂന്ന് പ്രത്യേകതകളിൽ ഒന്നാമതായി നബി ﷺ പറയുന്നത് അന്ന് തന്റെ ജന്മദിനമാണെന്നാണ്. ജന്മദിനത്തിലുള്ള സന്തോഷപ്രകടനമായാണ് തിങ്കളാഴ്ചയിലെ നോമ്പ് എന്ന പ്രസ്താവന ശ്രദ്ധേയമാണ്.

അബൂ നവവി ✍🏻

Comments

Popular posts from this blog

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും

കൂട്ട് പ്രാർത്ഥന - ഭാഗം 3️⃣