സംഗീതോപകരണങ്ങൾ, നൃത്തം - ശൈഖ് ജീലാനി (رحمه الله)
ഭാഗം 44
അബൂ നവവി
സംഗീതോപകരണങ്ങൾ, നൃത്തം തുടങ്ങിയവയെ ശക്തമായി എതിർത്തുകൊണ്ട് ശൈഖ് ജീലാനി (رحمه الله)
ശൈഖുൽ മശായിഖ് ഇമാം ശൈഖ് അബ്ദുൽ ഖാദർ ജീലാനി (رحمه الله) സംഗീതോപകരണങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ഗാനത്തെയും നൃത്തത്തെയും ഖുർആനും തിരുസുന്നത്തും തെളിവുദ്ധരിച്ചുകൊണ്ട് അതിശക്തമായി വിമർശിച്ചിട്ടുണ്ട്. അത് നമുക്ക് ഇങ്ങനെ വായിക്കാം:
هذا الذي ذكرناه إذا كان ذلك خاليا عن المنكر، فإن حضره منكر كالطبل والمزمار والعود والناي والشيز والشبابة والرباب والمغاني والطنابير والجعران التي يلعب بها الترك لا يجلس هناك، لأن جميع ذلك محرم.
وأما الدف فيجوز استعماله في النكاح.
وسماع القول بالقصب، والرقص مكروه، لما فسر بعض المفسرين قوله عز وجل: {ومن الناس من يشتري لهو الحديث} [لقمان: ٦] فقال هو الغناء والشعر.
وجاء في بعض الأحاديث عن رسول الله -صلى الله عليه وسلم- أنه قال: «الغناء ينبت النفاق في القلب كما ينبت السيل البقل»
وسئل الشبلي رحمه الله عن الغناء فقال: أحق هو؟ قيل: لا، قال: {فماذا بعد الحق إلا الضلال} [يونس: ٣٢].
ثم يكفى في كراهته، ما في ذلك من ثوران الطبع وهيجان الشهوة والميل إلى النساء، وأباطيل النفوس ورعوناتها والطرب والسخف والدناءة، والاشتغال بذكر الله تعالى أطيب وأسلم لمن آمن بالله واليوم الآخر.
الغنية
لعبد القادر الجيلاني قدس الله سره العزيز
ശൈഖ് ജീലാനി (رحمه الله) തങ്ങൾ ഭക്ഷണ മര്യാദകളെക്കുറിച്ച് വിശദമായി പറഞ്ഞശേഷം ഇങ്ങനെ തുടരുന്നു: ഇത് (സംഗമം അല്ലെങ്കിൽ കൂടിച്ചേരൽ) ഏതെങ്കിലും തെറ്റായ കാര്യങ്ങളിൽനിന്ന് (മുൻകർ) ഒഴിവാക്കിയതാണെങ്കിൽ അത്തരം പരിപാടികളിൽ പങ്കെടുക്കുന്നത് തെറ്റല്ല.
പക്ഷേ, അവിടെ തബല, മിസ്മാർ (കുഴൽവാദ്യം), ഔദ് (വീണ), നയ് (കുഴൽ), ഷീസു, ശബാബ, റബാബ്, പാട്ടുകൾ, തനാബീർ, തുർക്കികൾ ഉപയോഗിക്കുന്ന ഗെയിമുകൾ (ജഅ്റാൻ) എന്നിവ പോലുള്ള നിരോധിത കാര്യങ്ങൾ ഉണ്ടെങ്കിൽ അത്തരം സദസ്സുകളിൽ ഇരിക്കുന്നത് പാടില്ലാത്തതാണ്. കാരണം, ഇവയെല്ലാം ഹറാമാണ്.
പക്ഷേ, ദഫ് വിവാഹവേളയിൽ ഉപയോഗിക്കുന്നത് അനുവദനീയമാണ്.
കുഴൽ ഉപയോഗിച്ച് പാടുന്ന പാട്ടുകൾ കേൾക്കുന്നതും നൃത്തവും മക്റൂഹാണ്. കാരണം, ചില ഖുർആൻ വ്യാഖ്യാതാക്കൾ അല്ലാഹുവിന്റെ വാക്കായ
{ومن الناس من يشتري لهو الحديث} (ലുഖ്മാൻ: 6)
“കുറെ ആളുകൾ വെറുതെ സമയം കളയാനുള്ള സംഭാഷണം വാങ്ങുന്നു” എന്നതുകൊണ്ട് ഉദ്ദേശിച്ചത് പാട്ടിനെയും കവിതയെയും ആണെന്ന് പറഞ്ഞിട്ടുണ്ട്.
മുഹമ്മദ് നബി (ﷺ) പറയുന്ന ഒരു ഹദീസിൽ ഇങ്ങനെ വരുന്നു:
“ഗാനം ഹൃദയത്തിൽ നിഫാഖ് (കാപട്യം) വളരാൻ കാരണമാകുന്നു; മഴ പെയ്യുമ്പോൾ പുല്ല് വളരുന്നതുപോലെ.”
ഇമാം അബൂബക്കർ ശിബ്ലീ (رحمه الله) യോട് ഗാനത്തെപ്പറ്റി ചോദിച്ചപ്പോൾ അദ്ദേഹം ചോദിച്ചു: “അത് ഹഖ് (സത്യം) ആണോ?” ഉത്തരം: “അല്ല.” അപ്പോൾ അദ്ദേഹം പറഞ്ഞു:
{فماذا بعد الحق إلا الضلال} (യൂനുസ്: 32)
“സത്യത്തിന് ശേഷം ബാക്കിയുള്ളത് വഴിതെറ്റലാണ്.”
ഹിജ്റ 247-ൽ സാംറായിലാണ് ഇമാം അബൂബക്കർ ശിബ്ലീ (رحمه الله) ജനിച്ചത്. ഹിജ്റ 334-ൽ ബഗ്ദാദിൽ വെച്ചാണ് വഫാത്തായത്.
ഇമാം ജീലാനി (رحمه الله) തുടർന്ന് പറയുന്നു: സംഗീതം അനിഷ്ടകരമാണെന്ന് തെളിയിക്കാൻ ഇത്രയൊക്കെ മതി. അതിലൂടെ മനുഷ്യന്റെ സ്വഭാവം ഉണർന്നുപോകുന്നു, ലൈംഗിക ആകർഷണം വർധിക്കുന്നു, സ്ത്രീകളോടുള്ള മോഹം വളരുന്നു, മനസ്സിൽ വ്യർത്ഥതകളും അഹങ്കാരങ്ങളും രസവും ബാലിശതയും താഴ്ന്ന നിലയും ഉണ്ടാകുന്നു.
അല്ലാഹുവിന് ദിക്ർ ചൊല്ലുന്നതാണ് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവർക്ക് ഏറ്റവും ഉത്തമവും സുരക്ഷിതവുമായ മാർഗമെന്ന് ഇമാം അബ്ദുൽ ഖാദർ ജീലാനി (رحمه الله) വളരെ വ്യക്തമായി രേഖപ്പെടുത്തി.
പാട്ട്, നൃത്തം തുടങ്ങിയവ പാടില്ലെന്നും അത്തരം സദസ്സുകളിൽ ഇരിക്കരുതെന്നും ഔലിയാക്കന്മാരുടെ നേതാവായ ഇമാം ശൈഖ് ജീലാനി (رحمه الله) തങ്ങൾ കൃത്യമായി വിശുദ്ധ ഖുർആനിലെ ആയത്ത് ഉദ്ധരിച്ചും തിരുനബി ﷺ യുടെ വാക്കുകൾ തെളിവായി കൊണ്ടുവന്നും മൂന്ന് നൂറ്റാണ്ടിനുള്ളിൽ ജീവിച്ച ഇമാം അബൂബക്കർ ശിബ്ലീ (رحمه الله) യുടെ അഭിപ്രായം പങ്കുവെച്ചും വിശ്വാസിസമൂഹത്തെ അത്തരം അധാർമികവും അനിസ്ലാമികവുമായ പ്രവർത്തനങ്ങളിൽനിന്ന് തടയുന്നു.
തൊട്ടതിനും പിടിച്ചതിനും മശായിഖന്മാർ എന്ന് പറഞ്ഞുകൊണ്ട് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ ത്വരീഖത്തുകാരുടെ മുഖത്തേറ്റ അടിയാണ് ശൈഖ് ജീലാനി (رحمه الله) യുടെ വാക്കുകൾ.
അല്ലാഹുവിൽ അങ്ങേയറ്റം ലയിച്ചുകൊണ്ട് ഔലിയാക്കന്മാരായ ആത്മീയ നായകന്മാർ പരലോകം ഉണർത്തുന്നതിനുവേണ്ടി ഉപാധികളോടെ സംഗീതത്തിന് അനുമതി നൽകുന്ന ചില ഭാഗങ്ങൾ അടർത്തിക്കൊണ്ടുവന്ന് പാവപ്പെട്ട സാധാരണക്കാരെ കബളിപ്പിക്കുകയാണ് യഥാർത്ഥത്തിൽ ഈ വ്യാജ ത്വരീഖത്തുകാർ ചെയ്യുന്നത്.
കാരണം, ഇത്തരം കള്ള ത്വരീഖത്തുകാർക്ക് സംഗീതോപകരണങ്ങൾ ഒരു വിഷയമേയല്ല. സൂഫിയാക്കളുടെ സദസ്സുകളിൽ സംഗീതം പറ്റുമെന്ന് പറയുന്നവർക്ക് എതിർചേരിയിലെ സംഘടനാ നേതാക്കൾക്കെതിരെ ഇറക്കിയ പാട്ടിൽ എങ്ങനെയാണ് ഇസ്ലാം നിഷിദ്ധമാക്കിയ വാദ്യോപകരണങ്ങൾ ഉൾപ്പെടുത്താൻ കഴിയുന്നത്?
ആകെത്തുകയിൽ, ഇത്തരം ദീൻ പൊളിയന്മാരായ കള്ള ത്വരീഖത്തുകാർക്ക് നൃത്തവും സംഗീതവും ജീവിതത്തിന്റെ ഭാഗമാണ്. അത്തരക്കാരുൾപ്പെടെയുള്ളവരെ അതിശക്തമായി താക്കീത് ചെയ്യുകയാണ് ശൈഖ് ജീലാനി (رحمه الله) തങ്ങൾ അടക്കമുള്ള അഹ്ലുസ്സുന്നയുടെ പണ്ഡിതനേതൃത്വം ചെയ്തിരിക്കുന്നത്.
പാട്ടും കൂത്തും ഡാൻസും ഔലിയാക്കന്മാരുടെ വഴിയല്ല എന്നതാണ് ചുരുക്കം. അതിൽനിന്ന് മാറിനിൽക്കാൻ ഉൽബോധനം ചെയ്യുകയാണ് പൂർവസൂരികളായ മഹാന്മാർ ചെയ്തിരിക്കുന്നത്. പക്ഷേ, ഇന്നത്തെ വ്യാജന്മാർ ചെയ്യുന്നതാവട്ടെ, അല്ലാഹുവിൽ ലയിച്ചുകൊണ്ട് ചില മഹത്തുക്കൾ ചെയ്ത കാര്യങ്ങൾ അടർത്തിക്കൊണ്ടുവന്ന് സാധാരണക്കാരെ കബളിപ്പിക്കുകയാണ്.
സ്വന്തം ഭാര്യയുടെ ഔറത്ത് പോലും അന്യപുരുഷന്മാരുടെ മുമ്പിലൂടെ നടന്നുപോകുമ്പോൾ നേരാവണ്ണം മറപ്പിക്കാൻ കഴിയാത്തവൻ അല്ലാഹുവിൽ ലയിച്ചുകൊണ്ടാണ് ആത്മീയ സംഗീത പരിപാടിയിൽ പങ്കെടുക്കുന്നതെന്ന് പറഞ്ഞാൽ അവനെക്കാൾ വലിയ വിഡ്ഢി ലോകത്ത് മറ്റാരാണുള്ളത്?
അബൂ നവവി
00974 77882082
Comments
Post a Comment