റമദാനിലെ തറാവീഹ്


   ഭാഗം 1️⃣

بسم الله الرحمن الرحيم الحمد لله رب العالمين اللهم صل علي سيدنا محمد وعلى آل سيدنا محمد

വിശുദ്ധ റമദാൻ മാസത്തിൽ മാത്രം പ്രത്യേകമായുള്ള സുന്നത്ത് നിസ്കാരമാണ് തറാവീഹ്.

പുണ്യ നബി കരീം ﷺ വാക്ക്, പ്രവർത്തി എന്നിവ കൊണ്ടും, സ്വഹാബികളുടെ ഏകോപനം കൊണ്ടും, മുസ്ലിം ലോകത്തിൻറെ ഇജ്മാഅ് കൊണ്ടും സ്ഥിരപ്പെട്ട വളരെ പ്രധാനപ്പെട്ട ഒരു  ആരാധനയാണ് റമളാനിലെ തറാവീഹ് നിസ്കാരം.

"റമദാനിലെ തറാവീഹ് " എന്ന ഒരു പരമ്പരയിലൂടെ ഉദ്ദേശിക്കുന്നത് മുസ്ലിം ലോകത്ത് സഹാബത്ത് മുതൽ ഇക്കാലമത്രയും ഓരോ നൂറ്റാണ്ടുകളിൽ ജീവിച്ച അതി പ്രഗത്ഭരായ നാല് മദ്ഹബുകളിൽ ഉള്ള ഇമാമീങ്ങൾ രേഖപ്പെടുത്തിയ അഭിപ്രായമാണ് .

അതു കൊണ്ടു തന്നെ ഓരോ മദ്ഹബിലേയും ഇമാമീങ്ങൾ തറാവീഹ് എങ്ങനെ നിസ്കരിക്കണം ?എത്ര റക്അത്തുകൾ നിസ്കരിക്കണം? റക്അത്തുകൾക്കിടയിൽ എത്ര സമയം വിശ്രമിക്കണം? ഏത് സമയം നിസ്കരിക്കണം? എന്തുകൊണ്ട് 20 റക്അത്തുകൾ വന്നു? ഓരോ റകഅത്തുകൾക്കിടയിൽ എത്ര സമയം വിശ്രമിക്കണം? ഇങ്ങനെ തുടങ്ങി ഈ നിസ്കാരവുമായി ബന്ധപ്പെട്ട മറുപടികൾ  നൂറ്റാണ്ടുകളായി രേഖപ്പെട്ടു കിടക്കുന്ന അഹ്ലുസ്സുന്നയുടെ ഇമാമുകൾ രേഖപ്പെടുത്തിയ പ്രമാണങ്ങൾ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഈയൊരു പരമ്പരയുടെ ലക്ഷ്യം. 

അല്ലാഹു കബൂൽ ചെയ്യുമാറാകട്ടെ (ആമീൻ) തെറ്റുകളും, കുറവുകളും വന്ന് പോയിട്ടുണ്ടെങ്കിൽ പ്രിയ വായനക്കാർ അത് ചൂണ്ടി കാണിച്ചു തരണമെന്ന് അപേക്ഷിക്കുകയും ചെയ്യുന്നു.*

നബിﷺ തങ്ങളുടെ വാക്ക്

إن الله عز وجل فرض عليكم صيام رمضان، وسننت لكم قيامه، فمن صامه [وقامه] إيمانا، خرج من ذنوبه كيوم ولدته أمه رواه أحم

നബി ﷺ പറഞ്ഞു ; റമളാനിലെ നോമ്പ് അള്ളാഹു നിങ്ങൾക്ക് നിർബന്ധമാക്കുകയും, റമദാനിലെ നിസ്കാരം ഞാൻ നിങ്ങൾക്ക് സുന്നത്ത് ആക്കുകയും ചെയ്തിരിക്കുന്നു.

ഇമാം ദാറുകുത് നി (رحمه الله) ,ഇമാം ഇബ്നു അബ്ദുൽ ബർ (رحمه الله), ഇമാം നസായി (رحمه الله) ,ഇമാം ഇബ്നുമാജ (رحمه الله),ഇമാം അഹമ്മദ് (رحمه الله) ഇങ്ങനെ നിരവധി ഹദീസ് പണ്ഡിതന്മാർ ഇത് ഉദ്ധരിച്ചിട്ടുണ്ട്

ഇനി മറ്റൊരു ഹദീസ് കാണുക

من قام رمضان إيمانا واحتسابا غفر له ما تقدم من ذنبه"

"റമദാൻ മാസത്തിൽ ആരെങ്കിലും  വിശ്വസിച്ചു കൊണ്ടും, പ്രതിഫലം കാംക്ഷിച്ച് കൊണ്ടും നിസ്കരിച്ചാൽ അവൻറെ മുൻകാല പാപങ്ങളെല്ലാം പൊറുക്കപ്പെടും".{ ബുഹാരി }


നബിﷺ യുടെ പ്രവർത്തനം

وفي الصحيحين عن عائشة  رَضِيَ اللَّهُ عَنْهَا -أن النبي  صَلَّى اللَّهُ عَلَيْهِ وَسَلَّمَ - صلى في المسجد، فصلى بصلاته ناس، ثم صلى الثانية فكثر الناس، ثم اجتمعوا من الليلة الثالثة أو الرابعة، فلم يخرج إليهم، فلما أصبح قال: قد رأيت الذي صنعتم، فلم يمنعني من الخروج إليكم إلا أني خشيت أن تفرض عليكم» وذلك في رمضان-


മഹതിയായ ആയിഷ ബീവി (رضي الله عنها) ൽ നിന്ന് റിപ്പോർട്ട് ഇങ്ങനെ കാണാം നബി ﷺ തങ്ങളും, കുറെ സ്വഹാബികളും ഒരു രാത്രി ഒരുമിച്ചു കൂടി നിസ്കരിച്ചു പിന്നെ അടുത്ത രാത്രിയിലും ഇതേ പോലെ തന്നെ നിസ്കരിച്ചപ്പോൾ ആളുകൾ വീണ്ടും അധികരിച്ചു.

അങ്ങനെ അവർ മൂന്നാമത്തെയും, അല്ലെങ്കിൽ നാലാമത്തെയും രാത്രിയിൽ വീണ്ടും ഒരു മിച്ചു കൂടി നിസ്കരിച്ചപോൾ നബി ﷺ നിസ്കാരത്തിനു വേണ്ടി അവരിലേക്ക് വന്നില്ല.

പിറ്റേന്ന് നേരം പുലർന്നപ്പോൾ നബിﷺ പറഞ്ഞു ; നിങ്ങൾ ഒരു മിച്ചു കൂടിയത് ഞാൻ കണ്ടിരുന്നു പക്ഷേ ഈ നിസ്കാരം നിങ്ങൾക്ക് നിർബന്ധമാക്കപ്പെടുമോ എന്ന ഭയം മാത്രമാണ് എന്നെ പള്ളിയിലേക്ക് വരാതെ തടഞ്ഞത്. ഈ സംഭവം റമദാൻ മാസത്തിലായിരുന്നു.

മുകളിൽ പറഞ്ഞ രണ്ടു സംഭവങ്ങളിൽ നിന്നും നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത് നബിﷺ റമദാനിൽ ഒരു പ്രത്യേക നിസ്കാരം ഉണ്ടെന്നു വാക്കാൽ പഠിപ്പിക്കുകയും ,പുണ്യ നബി ﷺ അത് പ്രവൃത്തി പഥത്തിൽ കാണിച്ചു തരികയും ചെയ്തു.

 തുടർന്ന് സ്വഹാബത്ത് മുതൽ പിൽക്കാലത്ത് വന്ന മുസ്ലിംലോകം അത് 'ഇജ്മാഅ്' ആയി കൊണ്ട് തന്നെ നില നിർത്തി പോരുകയും ചെയ്തു.നബി ﷺ തങ്ങൾ പ്രത്യേകമായി റമദാനിൽ നിസ്കരിച്ച ഈ തറാവീഹ് നിസ്കാരത്തിൻറെ റക്അത്തുകളുടെ എണ്ണം വിവിധ റിപ്പോർട്ടുകൾ വന്നിട്ടുണ്ടെങ്കിലും അത് സ്വഹീഹായി സ്ഥിരപ്പെട്ടിട്ടില്ല.

അതു കൊണ്ടു തന്നെ  സ്വഹാബത്തിൻറെ പ്രവർത്തനമാണ് ഈ വിഷയത്തിൽ മുസ്‌ലിം ലോകം തെളിവായി സ്വീകരിച്ചിരിക്കുന്നത്. അത് മഹാനരായ ഖലീഫ ഉമർ ഉമർ ബിൻ ഖത്താബ് (رضِىَ ٱللَّهُ عَنۡهُ) ഈ കാലഘട്ടത്തിൽ സഹാബികൾ ഇരുപത് റക്അത്ത് തറാവീഹ് നിസ്കരിച്ചു എന്നതാണ് യാഥാർത്ഥ്യം.

روى السائب بن يزيد نحوه، وروى مالك عن يزيد بن رومان قال: كان الناس يقومون في زمن عمر بن الخطاب في رمضان بثلاث وعشرين ركعة،

 പക്ഷേ ഭിന്നത ആഗ്രഹിക്കുന്ന ഒരു വിഭാഗം ആളുകൾ ഉണ്ടാവുമല്ലോ അവർ 'തറാവീഹ്' എന്ന ഒരു പുണ്യ കർമ്മത്തിൻറെ വിഷയത്തിലും തർക്കം കൊണ്ടു വന്നു.

തറാവീഹ് നിസ്കാരത്തിൻറെ എണ്ണം സഹാബത്ത് നിസ്കരിച്ചത് ഇരുപത് ആണെന്ന് നാം കണ്ടു. അതു കൊണ്ടു തന്നെ നാല് മദ്ഹബിലും ഇരുപത് റക്അത്തുകൾ  തന്നെയാണ് തറാവീഹ്.

മാലികി മദ്ഹബിൽ ഇരുപത് എന്നും, മുപ്പത്തിയാറ് റക്അത്തുകൾ എന്നും ഇമാം മാലിക് (رحمه الله) അടക്കം പല പണ്ഡിതന്മാരും അഭിപ്രായം പറഞ്ഞിട്ടുണ്ട്. 

കാരണം മദീനക്കാരുടെ പ്രവർത്തനമാണ് അതിന് അവർ അവലംബമായി സ്വീകരിച്ചിട്ടുള്ളത്. മക്കയിൽ സഹാബത്ത് ഓരോ നാല് റക്അത്തുകൾ തറാവീഹ് നിസ്കരിച്ച ശേഷവും കഅബ ത്വവാഫ് ചെയ്യുന്ന പതിവുണ്ടായിരുന്നു.

അതു കൊണ്ടു തന്നെ മദീനയിൽ വെച്ച് നിസ്കരിക്കുമ്പോൾ ത്വവാഫ് ചെയ്യാൻ പറ്റാത്തത് കൊണ്ട് തന്നെ ഓരോ 'തറാവീഹ്' 4 റക്അത്തുകൾക്കു ശേഷവും മറ്റൊരു നാലു റക്അത്ത് സുന്നത് നിസ്കരിക്കുന്ന പതിവുണ്ടായിരുന്നു മദീനക്കാർക്ക്. അങ്ങനെ നാല് വിശ്രമ വേളകളിൽ നാല് റക്അത്തു വീതം നിസ്കരിക്കുമ്പോൾ വന്നതാണ് അധികരിച്ച് വന്ന പതിനാറ് റക്അത്ത് നിസ്കാരം.

ആയതു കൊണ്ടു തന്നെ 20 റക്അത്തുകളിൽ കുറവായ ഒരു തറാവീഹ് നിസ്കാരം ഉണ്ടെന്ന വിശ്വാസം പിഴച്ച വാദമാണ്. കാരണം അത് മുസ്ലിങ്ങളുടെ 'ഇജ്മാഇന്' എതിരായതു കൊണ്ടു തന്നെ അത്തരം വാദംനിഷിദ്ധമാണ്.

എന്നാൽ 20 ഉണ്ടെന്ന വിശ്വാസത്തോടു കൂടി ഒരാൾ ശാരീരിക അസ്വസ്ഥതകൾ കാരണമോ, രോഗം കാരണമോ, അതല്ല മറ്റേതെങ്കിലും പ്രതിബന്ധങ്ങൾ കൊണ്ടോ പൂർണ്ണമായ തറാവീഹ് നിസ്കാരത്തിൽ കുറവ് എത്ര റക്അത്തുകൾ നിസ്കരിച്ചാലും അതിനുള്ള പ്രതിഫലം ലഭ്യമാവും.

 ഇനിയുള്ള ദിവസങ്ങളിൽ  'റമദാനിലെ തറാവീഹ്' എന്ന തുടർ പരമ്പരയിൽ മുസ്ലിം ലോകത്ത് കഴിഞ്ഞു പോയ നൂറ്റാണ്ടുകളിൽ പ്രഗൽഭരായ നാല്  മദ്ഹബുകളിലെയും, നൂറിലധികം  ഇമാമുകളുടെ ഗ്രന്ഥങ്ങളിൽ തറാവീഹിനെ സംബന്ധിച്ച് രേഖപ്പെടുത്തിയിരിക്കുന്ന കാര്യങ്ങൾ വായിക്കാവുന്നതാണ്. (ഇൻഷാ അല്ലാഹ്) അള്ളാഹു തൗഫീക്ക് ചെയ്യുമാറാകട്ടെ.


അബൂ നവവി✍️

00974 77882082

Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും