വിശുദ്ധ കഅ്ബാലയത്തിൽ സ്ത്രീകളുടെ ത്വവാഫ് എങ്ങനെ ആയിരിക്കണം❓




ഭാഗം 1️⃣

പുരുഷനും സ്ത്രീകളും ഒരുപോലെ പ്രവേശിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട പള്ളിയാണ് മസ്ജിദുൽ ഹറം ആ പള്ളിക്കകത്താണ് വിശ്വാസികൾക്കും, വിശ്വാസിനികൾക്കും നിർബന്ധവും, സുന്നത്തുമായ ത്വവാഫ് ചെയ്യേണ്ട വിശുദ്ധ കഅ്ബാലയം നിലകൊള്ളുന്നത്.

പള്ളിക്കകത്ത് ആയാലും പുറത്തായാലും അന്യസ്ത്രീ പുരുഷ കൂടിക്കലരലുകൾ അതിശക്തമായി  വിരോധിച്ച മതമാണ് വിശുദ്ധ ഇസ്ലാം. അതുകൊണ്ടുതന്നെ ത്വവാഫ് ചെയ്യുന്ന സമയത്തും സ്ത്രീപുരുഷന്മാർ അതെങ്ങനെ ചെയ്യണമെന്ന് മതപരമായി പഠിപ്പിക്കപ്പെട്ട ഒരു കാര്യമാണ്.

നിർഭാഗ്യവശാൽ ഇന്ന് വിശുദ്ധ കഅബാലയത്തിന് ചുറ്റും സ്ത്രീകളും, പുരുഷന്മാരും അധിക പേരും  ഒരുപോലെ തിക്കും തിരക്കും കൂട്ടി തട്ടിയും, മുട്ടിയും തോളോട് തോൾ ചേർന്നു പോകുന്ന ദയനീയ കാഴ്ചകളാണ് നാം പലപ്പോഴും വിശുദ്ധ കഅബ ശരീഫിന്റെ ചുറ്റുഭാഗത്തുനിന്നും കാണുന്നത്. ഹജറുൽ അസ് വദിന്റെ ഭാഗങ്ങളിൽ ആണും, പെണ്ണും തിരക്കുണ്ടാക്കി കൂട്ടിമുട്ടുന്ന കാര്യങ്ങൾ പറയേണ്ടതുമില്ല. പലപ്പോഴും അത് സംഘട്ടനം ആണെന്ന് തോന്നിപ്പോകും വിധമാണ്.

നാട്ടിൽ നല്ല ഹിജാബോടുകൂടി ജീവിച്ച സ്ത്രീകൾക്ക് അതുപോലെ സൂക്ഷ്മതയോടെ ജീവിച്ച പുരുഷന്മാർക്കും ത്വവാഫിന്റെ സമയങ്ങളിൽ ഇത്തരം അവസ്ഥകൾ വലിയ പ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം.

പരിധിയിൽ കൂടുതൽ ആളുകളെ അധികൃതർ ഒരേസമയം വിശുദ്ധ കഅ്ബാലയത്തിനകത്തേക്ക് തള്ളി കയറ്റി വിടുന്നതും സ്ത്രീ പുരുഷ കൂടിക്കലരലിനും, ഉന്തും, തള്ളും ഉണ്ടാകുന്നതിനും മുഖ്യ കാരണമാണ്. മദീനാ ശരീഫിൽ വല്ലവരും കൈയുയർത്തിയാൽ അത് തടയാൻ ആളെ നിർത്തുന്ന അധികൃതർ കഅ്ബാലയത്തിന് ചുറ്റും നടക്കുന്ന ഇത്തരം കാര്യങ്ങൾനിയന്ത്രിക്കാൻ സംവിധാനങ്ങൾ ചെയ്യാതെ കണ്ണടക്കുകയാണ്.

വിശുദ്ധ കഅബാലയത്തിന് ചുറ്റും സ്ത്രീകളും,പുരുഷന്മാരും തൊട്ടുരുമ്മി ത്വവാഫ്  ചെയ്യുന്നത് ഒരു അമലിന്റെ ഭാഗമാണെന്നും അതൊരു പരീക്ഷണത്തിനു വേണ്ടിയാണ് പടച്ചവൻ അങ്ങനെ നിർദ്ദേശിച്ചതെന്നും ഈയടുത്ത് പ്രമുഖനായ ഒരു മത പ്രഭാഷകൻ  തന്നെ പറയുന്നത് കേട്ടപ്പോൾ ലജ്ജിച്ചു തല താഴ്ത്തേണ്ടി വന്നു.

കാരണം അവിടെവെച്ച് ആണും, പെണ്ണും കാട്ടിക്കൂട്ടുന്ന കൂടിക്കലരലുകൾ മതത്തിന്റെ ഭാഗമാണെന്ന് മത പ്രഭാഷകർ പോലും ചിന്തിച്ചു പോയ ഈയൊരു കാലത്ത് പിന്നെ സാധാരണക്കാരുടെ അജ്ഞത പറയേണ്ടതില്ലല്ലോ.

അതുകൊണ്ടുതന്നെ വിശുദ്ധ ഇസ്ലാം ഈ വിഷയത്തിൽ നൽകിയ നിർദ്ദേശങ്ങൾ എന്താണെന്നും,  മുൻഗാമികളായ നമ്മുടെ സ്വാലിഹീങ്ങളുടെ നിലപാട് എന്തായിരുന്നുവെന്നും പഠിച്ചിരിക്കൽ നമുക്ക് ഓരോരുത്തർക്കും അത്യാവശ്യമാണ്. ആളുകൾ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ അല്ല മത നിയമങ്ങൾ എന്ന് അത് വിശ്വാസികൾ വേറിട്ട് മനസ്സിലാക്കുക തന്നെ വേണം.

വിശുദ്ധ ഹറമിലും, കഅ്ബ ശരീഫിന് ചുറ്റും ആണിനും, പെണ്ണിനും തൊട്ടുരുമ്മി സഞ്ചരിക്കുന്നതിന് യാതൊരു തടസ്സവുമില്ല എന്നാണ് പൊതുവേ സാധാരണക്കാർ മനസ്സിലാക്കി വെച്ചിട്ടുള്ളത് ആ ഒരു ധാരണ തിരുത്തുക എന്നതുകൂടിയാണ് ഈ കുറിപ്പിന് ആധാരം.

ഈ വിഷയം സംബന്ധമായി റിപ്പോർട്ട് ചെയ്ത ഒരു ഹദീസ് നമുക്ക് പരിശോധിക്കാം

عَنْ أُمِّ سَلَمَةَ زَوْجِ النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - أَنَّهَا قَالَتْ «شَكَوْت إلَى رَسُولِ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - أَنِّي أَشْتَكِي فَقَالَ: طُوفِي مِنْ وَرَاءِ النَّاسِ وَأَنْتِ رَاكِبَةٌ قَالَتْ فَطُفْت وَرَسُولُ اللَّهِ حِينَئِذٍ يُصَلِّي إلَى جَانِبِ الْبَيْتِ وَهُوَ يَقْرَأُ بِالطُّورِ وَكِتَابٍ مَسْطُورٍ

പ്രവാചക പത്നിയായ ഉമ്മു സലമ ബീവി (رضي الله عنها) പറയുന്നു: നടന്നു കൊണ്ട് ത്വവാഫ് ചെയ്യാൻ എനിക്ക് ബുദ്ധിമുട്ടുണ്ടെന്ന് നബി ﷺ തങ്ങളോട് ആവലാതി ബോധിപ്പിച്ചു .നബി ﷺ മഹതിയോട് പറഞ്ഞു നിങ്ങൾ ജനങ്ങൾക്ക് പുറകിലായി വാഹനപ്പുറത്ത് ത്വവാഫ് ചെയ്തു കൊള്ളുക. മഹതി തുടർന്നു പറയുന്നു നബി ﷺ നിസ്കരിക്കുമ്പോഴാണ് ഞാൻ ത്വവാഫ് ചെയ്തത്.

സ്വഹീഹുൽ ബുഖാരി അടക്കം റിപ്പോർട്ട് ചെയ്ത ഈ ഹദീസ് വിശദീകരിച്ചു കൊണ്ട് ഇമാമീങ്ങൾ രേഖപ്പെടുത്തുന്നു.

وَالرَّابِعَةُ: طَوَافُ النِّسَاءِ مِنْ وَرَاءِ الرِّجَالِ

ഇമാം ബാജി (رحمه الله ) ഈ ഹദീസിൽ നാലോളം വിഷയങ്ങൾ ഉണ്ടെന്ന് പറഞ്ഞു കൊണ്ട് നാലാമത്തെ വിഷയമായി രേഖപ്പെടുത്തുന്നു സ്ത്രീകൾ പുരുഷന്മാർക്ക് പുറകിലായി കൊണ്ടാണ് ത്വവാഫ് ചെയ്യേണ്ടത്.

وَأَمَّا الْمَرْأَةُ فَإِنَّ مِنْ سُنَّتِهَا أَنْ تَطُوفَ وَرَاءَ الرِّجَالِ؛ لِأَنَّهَا عِبَادَةٌ لَهَا تَعَلُّقٌ بِالْبَيْتِ فَكَانَ مِنْ سُنَّةِ النِّسَاءِ أَنْ يَكُنَّ وَرَاءَ الرِّجَالِ كَالصَّلَاةِ

المنتقى شرح الموطإ 📚 [أبو الوليد الباجي

സ്ത്രീകളുടെ നടപടിക്രമം പുരുഷന്മാർക്ക് പുറകിലായിക്കൊണ്ട് ത്വവാഫ് ചെയ്യലാണ്. കാരണം പരിശുദ്ധ കഅ്ബ ശരീഫുമായി ബന്ധപ്പെട്ട ഒരു  ആരാധനയാണത് .അതുകൊണ്ടുതന്നെ നിസ്കാരത്തിൽ എന്നപോലെ സ്ത്രീകളുടെ ചര്യ (നടപടിക്രമം) ത്വവാഫിൽ പുരുഷന്മാർക്ക് പുറകിലായിക്കൊണ്ട് നടക്കലാണ്.

ഇമാം നവവി (رحمه الله) ഹദീസ് വിശദീകരിച്ചു കൊണ്ട്   രേഖപ്പെടുത്തി:

إِنَّمَا أَمَرَهَا صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِالطَّوَافِ مِنْ وَرَاءِ النَّاسِ لِشَيْئَيْنِ أَحَدُهُمَا أَنَّ سُنَّةَ النِّسَاءِ التَّبَاعُدُ عَنِ الرِّجَالِ فِي الطَّوَافِ وَالثَّانِي أَنَّ قُرْبَهَا يُخَافُ مِنْهُ تَأَذِّي النَّاسِ بِدَابَّتِهَا وَكَذَا إِذَا طَافَ الرَّجُلُ رَاكِبًا وَإِنَّمَا طَافَتْ فِي حَالِ صَلَاةِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لِيَكُونَ أَسْتَرَ لَهَا وَكَانَتْ هَذِهِ الصَّلَاةُ صَلَاةَ الصُّبْحِ وَاللَّهُ أَعْلَمُ

شرح مسلم للنووي رحمه الله

റസൂൽ ﷺ ഉമ്മു സലമ ബീവിയോട് (رضي الله عنها)പുരുഷന്മാർക്ക് പുറകിലായിക്കൊണ്ട് ത്വവാഫ് ചെയ്യാൻ കൽപ്പിച്ചത് രണ്ട് കാരണങ്ങൾ കൊണ്ടാണ്..ഒന്ന് സ്ത്രീകളുടെ ചര്യ  പുരുഷന്മാരെ തൊട്ട് അകന്നു നിൽക്കലാണ്.

രണ്ടാമത്തെ കാരണം സ്ത്രീകൾ വാഹന പുറത്താകുമ്പോൾ ജനങ്ങൾക്ക് അതിനെ തൊട്ട് ബുദ്ധിമുട്ടുണ്ടാകാൻ കാരണമാകും. അതിനാൽ അവർ പുറകിൽ ആണ് ത്വവാഫ് ചെയ്യേണ്ടത്..പുരുഷന്മാർ വാഹനപ്പുറത്ത് ത്വവാഫ് ചെയ്യുകയാണെങ്കിൽ പുരുഷന്മാർക്ക് ഏറ്റവും പുറകിൽ ആയിട്ടാണ് അത്തരം പുരുഷന്മാർ ത്വവാഫ് നിർവഹിക്കേണ്ടത്.

നബി ﷺ തങ്ങൾ സൂറത്ത് തൂർ പാരായണം ചെയ്തുകൊണ്ട്  സുബഹി നിസ്കാര സമയത്താണ് ഉമ്മു സലമ ബീവി (رضي الله عنها) ത്വവാഫ്  നിർവഹിച്ചത്. നിസ്കാര സമയത്ത് തന്നെ ഉമ്മു സലമ ബീവി (رضي الله عنها) ത്വവാഫ് നിർവഹിക്കാൻ കാരണം മഹതിക്ക് കൂടുതൽ മറ ലഭിക്കുന്നതിന് വേണ്ടിയാണ്.


فقال: طوفي من وراء الناس؛ لأن سنة النساء التباعد عن الرجال في الطواف؛ لئلا يختلطن بالرجال

شرح سنن أبي داود لابن رسلان [ابن رسلان]

അബുദാവൂദിന്റെ ശറഹിൽ കാണാം  ഉമ്മുസലമ ബീവിയോട്  (رضي الله عنها) പുരുഷന്മാർക്ക് പുറകിലായി ത്വവാഫ്  ചെയ്യാൻ നബി ﷺ തങ്ങൾ കൽപ്പിച്ചത് സ്ത്രീകളുടെ നടപടിക്രമം പുരുഷന്മാരെ തൊട്ട് അകന്നു നിൽക്കലാണ് എന്നതുകൊണ്ടാണ്. കാരണം സ്ത്രീകൾ പുരുഷന്മാരെ തൊട്ട് കൂടിക്കലരാതിരിക്കാൻ വേണ്ടിയാണത്.


فِيهِ دَلِيلٌ أَنَّ رَاكِبَ الدَّابَّةِ يَنْبَغِي لَهُ أَنْ يَتَجَنَّبَ مَمَرَّ النَّاسِ مَا اسْتَطَاعَ، وَأَنَّهُ يَنْبَغِي أَنْ تَخْرُجَ النِّسَاءُ إِلَى حَوَاشِي الطُّرُقِ

شرح صحيح البخاري - لإسماعيل التيمي الأصبهاني

മുകളിൽ പറഞ്ഞ ഹദീസ് വിശദീകരിച്ചുകൊണ്ട് ഇമാം ഇസ്മായിൽ ഇസ്ബഹാനി (رحمه الله) രേഖപ്പെടുത്തി:വാഹനപ്പുറത്ത് ത്വവാഫ് ചെയ്യുന്നവർ ജനങ്ങളുടെ ഇടയിൽ നിന്ന് പരമാവധി മാറിനിൽക്കണമെന്ന് ഈ ഹദീസിൽ തെളിവുണ്ട്. അതുപോലെതന്നെ സ്ത്രീകൾ വഴികളിലെ പാർഷങ്ങളിലേക്ക് മാറിക്കൊണ്ട് ത്വവാഫ് ചെയ്യണമെന്നും ഈ ഹദീസിൽ തെളിവുണ്ട്.


باب: طوافِ النِّساء مع الرجال) أي: جوازه معهم من غير اختلاطٍ بهم

منحة الباري بشرح صحيح البخاري [زكريا الأنصاري]

സ്വഹീഹുൽ ബുഹാരിയുടെ ശറഹിൽ ശൈഖ്ൽ ഇസ്ലാം ഇമാം സക്കരിയൽ അൻസാരി (رحمه الله) രേഖപ്പെടുത്തി : സ്ത്രീകളുടെ ത്വവാഫ് പുരുഷന്മാരോടൊപ്പം കൂടിക്കലരാതെ ആണെങ്കിൽ അനുവദനീയമാണ്.

കാര്യങ്ങൾ വളരെ കൃത്യമാണ് സ്ത്രീയും, പുരുഷനും കൂടി കലർന്ന ഉള്ള ത്വവാഫ് പരിശുദ്ധ ഇസ്ലാം പഠിപ്പിച്ചിട്ടില്ല. വിശ്വാസിനികൾക്ക് മാതൃക യോഗ്യരായ പ്രവാചക പത്നിമാർ എങ്ങനെയാണ് ത്വവാഫ് നിർവഹിച്ചതെന്ന് ഹദീസിന്റെ കിതാബുകളിൽ നിന്ന് വളരെ വ്യക്തമാണ്.

അതുകൊണ്ടുതന്നെ വളരെ പ്രധാനപ്പെട്ട ഒരു ആരാധനാകർമം നിർവഹിക്കുമ്പോൾ സ്ത്രീയും പുരുഷനും തൊട്ടുരുമ്മി കൊണ്ട്  ഇടകലർന്നുകൊണ്ട് ഏറ്റവും പുണ്യമാക്കപ്പെട്ട ഒരു പള്ളിയിൽ വച്ച് അത് കാട്ടിക്കൂട്ടുക എന്നത് തന്നെ ഏറ്റവും വലിയ തെറ്റുമാണ്. ഈ വിഷയം സംബന്ധമായി കൂടുതൽ ചരിത്രങ്ങളും ഇമാമീങ്ങൾ പറഞ്ഞ നിലപാടുകളും നമുക്ക് അടുത്ത ഭാഗത്ത് വായിക്കാം.

إنشاء الله


അബൂ നവവി ✍🏼

00974 77882082

Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും